ആധുനിക ഫുട്‍ബോൾ കണ്ട വിനാശകാരി


" റോണിയുടെ തുടക്കങ്ങൾ പലപ്പോഴും മോശമായിരുന്നു. ഞങ്ങളുടെ ആദ്യ ഡേറ്റിന്റെ അന്ന് റോണിയുടെ അടുത്തു നിന്ന് ഓടിപ്പോയാലോ എന്ന് വരെ തോന്നിയിട്ടുണ്ട്." ചിരിച്ചു കൊണ്ട് ഇത് പറഞ്ഞത് ആധുനിക ഫുട്‍ബോൾ കണ്ട ഏറ്റവും വിനാശകാരിയായ സ്‌ട്രൈക്കറായ റൊണാൾഡോയുടെ ആദ്യ ഭാര്യ മിലീനാണ്. അവർ പറഞ്ഞത് ശരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു പലപ്പോഴും റൊണാൾഡോയുടെ തുടക്കങ്ങൾ. സമയം പിന്നിടും തോറും ശക്തിയാർജിക്കുന്ന ഒരു കൊടുങ്കാറ്റ് പോലെ സീസൺ അവസാനഘട്ടത്തിലെത്തുമ്പോൾ റൊണാൾഡോ എന്ന വേഴ്‌സറ്റൈൽ സ്‌ട്രൈക്കറുടെ രൗദ്ര ഭാവത്തിന് മുൻപിൽ എതിരാളികൾ മുട്ടുമടക്കിയിരിക്കും. പക്ഷേ തന്റെ മോശം തുടക്കങ്ങളെ മാധ്യമങ്ങൾ കൊണ്ടാടിയത് പലപ്പോഴും റോണിയെ തെല്ലൊന്ന് അലോസരപ്പെടുത്തിയിരുന്നു. ക്രൂസേയ്‌റോയ്ക്കും, ഇന്ററിനും, ദേശീയ ടീമിനും വേണ്ടിയുള്ള ആദ്യ മത്സരങ്ങളിലും റൊണാൾഡോയ്ക്ക് ശോഭിയ്ക്കാൻ കഴിഞ്ഞിരുന്നില്ല. 2002ലെ സമ്മർ ട്രാൻസ്ഫറിലാണ് ഗാലക്ടികോസ് നിരയിലേക്ക് വേൾഡ്കപ്പ് ഹീറോയായി റൊണാൾഡോയുടെ രംഗപ്രവേശം. റൊണാൾഡോയ്‌ക്കായി വന്ന ഓഫറുകൾ ഒന്നൊഴിയാതെ ഇന്റർ തള്ളിക്കളഞ്ഞെങ്കിലും ഒടുവിൽ മിലാൻ വിടുകയെന്ന റോണിയുടെ ആവശ്യത്തിന് മുൻപിൽ നെരാസൂരികൾ വഴങ്ങുകയായിരുന്നു.

ഒക്ടോബർ 6 2002
സാന്റിയാഗോ ബർണാബ്യുവിൽ റയൽ മാഡ്രിഡ് ഡിപ്പോർട്ടീവോ അലാവസിനെ നേരിടുന്നു. സിദാൻ,ഫിഗോ എന്നിവരുടെ ആദ്യ പകുതിയിലെ ഗോളുകൾക്ക് മറുപടിയായി മൊസെലിന്റെ ഗോളിൽ അലാവസ്‌ ഒരു തിരിച്ചു വരവിനായി പോരാടുകയാണ്. മത്സരം രണ്ടാം പകുതിയിലേക്ക് കടന്നു. എഴുപത്തിനായിരത്തോളം വരുന്ന ആരാധകർ വെള്ളകുപ്പായത്തിലെ റോണിയുടെ അരങ്ങേറ്റത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ്. ഒടുവിൽ അറുപത്തിമൂന്നാം മിനിറ്റിൽ നിറഞ്ഞ കരഘോഷങ്ങൾക്ക് നടുവിലൂടെ പതിനൊന്നാം നമ്പർ ജഴ്‌സിയിൽ റൊണാൾഡോ മൈതാനത്തേക്ക് ഇറങ്ങി. 61 സെക്കന്റുകൾ. 61 സെക്കന്റുകൾ മാത്രമാണ് റയലിനായി തന്റെ ആദ്യ ഗോൾ നേടാൻ റൊണാൾഡോയ്ക്ക് വേണ്ടി വന്നത്. ഇടതു വിംഗിൽ നിന്നും റോബർട്ടോ കാർലോസിന്റെ ഒരു പിൻപോയിന്റ് ക്രോസ്സ് തന്റെ നെഞ്ചിലെടുത്ത് ഇടതു കാലിലൂന്നി തന്റെ വലംകാൽ വീശി ഒരു സിഗ്നേച്ചർ റൊണാൾഡോ സ്ട്രൈക്ക് അലാവസ്‌ വലയിലേക്ക്.
റോണോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച തുടക്കം. ഒരു ഗോൾ മാത്രമായി മടങ്ങാൻ റോണോ തയ്യാറായിരുന്നില്ല. പതിനഞ്ചു മിനിറ്റുകൾക്ക് ശേഷം കാംബിയാസോ, മക്മനാമൻ എന്നിവരുടെ ഒരു മുന്നേറ്റത്തിൽ അലാവസ്‌ പ്രതിരോധം ഔട്ട്‌ ഓഫ് പൊസിഷനായ നിമിഷം. മക്മനാമൻ പന്തുമായി ബോക്സിലേക്ക് പാഞ്ഞടുത്തു. മക്മനാമൻ ഷോട്ട് ഉതിർക്കും എന്ന് കരുതി രണ്ടു വശത്ത് നിന്നും ഓടിയെത്തിയ അലാവസ്‌ പ്രതിരോധ താരങ്ങൾക്ക് പിഴച്ചു. ബോക്‌സിന് തൊട്ട് മുൻപിൽ നിന്നും പന്ത് ഇടതു വിംഗിലൂടെ ഓടിയെത്തിയ റോണിയിലേക്ക്. റൊണാൾഡോയെ പോലെയൊരു സ്‌ട്രൈക്കറുടെ മുൻപിൽ വൺ-ഓൺ-വൺ വന്നാൽ എന്താണ് സംഭവിക്കുകയെന്ന് അലാവസ്‌ കീപ്പർ ഡുട്രുവെല്ലിനു നന്നായി അറിയാമായിരുന്നു. ഒരു വെൽപ്‌ളേസ്ഡ് ഗോളിലൂടെ റൊണാൾഡോ റയലിനായി തന്റെ അരങ്ങേറ്റം പ്രൗഢഗംഭീരമാക്കിയപ്പോൾ സാന്റിയാഗോ ബർണാബ്യു ഒന്നടങ്കം ആവേശത്തിന്റെ കൊടുമുടി കയറിയിരുന്നു. റോണോയുടെ ഗോളുകളുടെ മികവിൽ ആ സീസണിലെ ലീഗ് കിരീടവും ബർണാബ്യുവിലെത്തി.
വെള്ളകുപ്പായത്തിലെ റോണിയുടെ അരങ്ങേറ്റത്തിന് ഇന്നേക്ക് പതിനഞ്ചു വർഷങ്ങൾ. ഇന്ന് റയൽ മാഡ്രിഡ് എന്ന ലോകത്തിലെ ഏറ്റവും മികച്ച ക്ലബിന്റെ ബ്രാൻഡ് അംബാസിഡർമാരിലൊരാളാണ് റോണി എന്ന റൊണാൾഡോ നസാരിയോ

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ