അർജന്റീനയെ അങ്ങനെ ലാ ബോംബൊനേരയും കൈവിട്ടു!



അർജന്റീനയെ അങ്ങനെ ലാ ബോംബൊനേരയും കൈവിട്ടു! ആർത്തിരമ്പുന്ന കാണികൾക്കു മുന്നിൽ കളിയിലുടനീളം പന്ത് കൈവശം വച്ച അർജന്റീന ഗോളടിക്കാനുള്ള മികവ് മാത്രം കൈമോശം വരുത്തി. കളിയിലെ ദുരന്ത കഥാപാത്രങ്ങളായത് ബൊക്കാ ജൂനിയേഴ്സിന്റെ സ്വന്തം താരങ്ങളായ ബെനെഡിറ്റോയും ഗാഗോയുമാണെന്നത് ബോംബാനാരയുടെ ദൗർഭാഗ്യം!
കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്നും വിഭിന്നമായി നാലാൾ ഡിഫൻസിനെ വച്ച് കൂടുതൽ കൺവെൻഷനലായ ഒരു 4 - 2 - 3 - 1 ഫോർമേഷനിലാണ് അർജന്റീന പെറുവിനെതിരെ കളത്തിലിറങ്ങിയത്. അക്കുന്യ ഇടതു വിങ് ബാക്കായും ബെനെഡിറ്റോ സ്‌ട്രൈക്കറായും ഇറങ്ങിയപ്പോൾ മുന്നേറ്റ നിരയിൽ ഇടതു പാർശ്വത്തിൽ കളിച്ച പാപ്പു ഗോമസ് തന്റെ ആദ്യ ഒഫീഷ്യൽ അന്താരാഷ്‌ട്ര മത്സരത്തിനിറങ്ങി. തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച അർജന്റീന നിരവധി അവസരങ്ങൾ സൃഷ്ടിച്ചു! മറുവശത്ത് പെറുവാകട്ടെ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. എങ്കിൽ കൂടി 34 -)o മിനുട്ടിൽ അവർ ഗോളിനടുത്തെത്തി. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് മെസ്സി നൽകിയ മനോഹരമായ പാസ് ബെനെഡിറ്റോ പുറത്തടിച്ച് കളഞ്ഞു. രണ്ടാം പകുതി തുടങ്ങി ഒരു മിനിറ്റിനകം ബെനെഡിറ്റോ തൊടുത്ത ഷോട്ട് പെറു ഗോൾ കീപ്പർ തടുത്തിട്ടു. റീബൗണ്ട് ഗോളാക്കി മാറ്റാൻ മെസ്സിക്ക് കഴിഞ്ഞതുമില്ല.
രണ്ടാം പകുതിയിൽ ഡി മരിയക്ക് പകരം റിഗോണിയാണ് കളത്തിലിറങ്ങിയത്. 57 -)o മിനുട്ടിൽ മെസ്സി നൽകിയ ഹൈ ബാൾ പാപ്പു ഗോമസ് പിടിച്ചെടുക്കുമ്പോൾ മുന്നിൽ പെറുവിയൻ ഗോൾ കീപ്പർ മാത്രം. എന്നാൽ ഗോമസിന്റെ ഷോട്ടിന് ഗോൾ കീപ്പറെ മറികടക്കാൻ മാത്രം കരുത്തുണ്ടായിരുന്നില്ല! രണ്ടാം പകുതി ആരംഭിച്ച് അധികം താമസിയാതെ ബനേഗയെ മാറ്റി ഗാഗോ കളത്തിലിറങ്ങി. 'ബൊക്കാ ബോയ്' ആയ ഗാഗോയെ കയ്യടിച്ചാണ് കാണികൾ വരവേറ്റത്. എന്നാൽ അധികം താമസിയാതെ ഗാഗോ കളിയിലെ ദുരന്ത കഥാപാത്രമായി. പന്ത് അടിച്ചകറ്റുന്നതിനിടെ കാൽ മടന്തിയ ഗാഗോ അലറി വിളിച്ച് നിലത്ത് വീഴുകയായിരുന്നു. അർജന്റീനയുടെ 'ഗ്ളാസ് മാൻ' എന്ന് ആരാധകർ കളിയാക്കി വിളിക്കുന്ന ഗാഗോ തന്റെ കരിയറിൽ പലതവണ പരിക്ക് മൂലം കളത്തിൽ നിന്നും വിട്ടു നിന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും അസമയത്ത് വന്ന പരിക്കായിരുന്നു ഇന്നത്തേത്! പരിക്കേറ്റു പുറത്ത് പോയ ഗാഗോക്കു പകരം എൻസോ പെരെസിനെ ഇറക്കാൻ സാംപവോലി നിർബന്ധിതനായി. അതോടെ ദാരിയോ ബെനെഡിറ്റോയെ മുഴുവൻ സമയം കളിപ്പിക്കാനും സാംപവോലി നിർബന്ധിതനാവുകയായിരുന്നു!
67 , 70 മിനിറ്റുകളിൽ വീണ്ടും ബെനെഡിറ്റോ അവസരങ്ങൾ പൂർണ്ണതയിലെത്തിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ 61 -)o മിനുട്ടിൽ റിഗോണിയും ഒരു ഓപ്പൺ ചാൻസ് പുറത്തടിച്ച് കളഞ്ഞു! മഷറാനോ, മെസ്സി, ബിഗ്ലിയ എന്നിവരുടെ മൂന്നു തകർപ്പൻ ഷോട്ടുകളും ഗോളാകാതെ വന്നപ്പോൾ അർജന്റീന ശരിക്കും പതറി. 75 -)o മിനുട്ടിൽ ബോക്സിനുള്ളിൽ വീണ പാപ്പു ഗോമസ് പെനാൽറ്റിക്ക്‌ വേണ്ടി അലമുറയിട്ടെങ്കിലും റഫറി വഴങ്ങിയില്ല. 88 , 91 മിനിറ്റുകളിൽ മെസ്സി ബോക്സിനു പുറത്ത് നിന്നും രണ്ടു ഫ്രീ കിക്കുകൾ തൊടുത്തപ്പോൾ ആരാധകർ പ്രതീക്ഷിച്ചെങ്കിലും വീണ്ടും നിരാശയായിരുന്നു ഫലം! കളിയിലെ അവസാന ഷോട്ട് അർജന്റീന ഗോൾ പോസ്റ്റിനു തൊട്ടു പുറത്ത് നിന്നും പെറു തൊടുത്ത ഫ്രീ കിക്കായിരുന്നു. റൊമേറോയെ അല്പമെങ്കിലും പരീക്ഷിച്ച ഒരേയൊരു ഷോട്ടും ഇത് മാത്രമായിരുന്നു. കിക്ക് റോമെറോ കുത്തി പുറത്താക്കിയതോടെ അവസാന വിസിലും മുഴങ്ങി.
അർജന്റീനയുടെ അവസാന ക്വളിഫിക്കേഷൻ മത്സരം ഇക്വഡോറിനെതിരെയാണ്. മത്സരം നടക്കുന്ന ക്വിറ്റോ വളരെ ഉയരത്തിലുള്ള ഒരു സ്റ്റേഡിയമാണ്. ബൊളീവിയയിലെ ലാ പാസ് പോലെ അർജന്റീനയുടെ മറ്റൊരു ബാലി കേറാമല! ഇക്വഡോറാകട്ടെ ഇനി ക്വാളിഫൈ ചെയ്യും എന്ന പ്രതീക്ഷയില്ലാത്ത ടീമാണ്. അതുകൊണ്ടു തന്നെ അർജന്റീനക്കെതിരെ അവർ മരിച്ചു കളിച്ചേക്കില്ല. ബുധനാഴ്ച ക്വിറ്റോയിൽ ഇക്വഡോറിനെതിരെ അർജന്റീന ഇറങ്ങുമ്പോഴുള്ള ഒരേയൊരു പ്രതീക്ഷയും ഇത് തന്നെ!'

Comments

Popular posts from this blog

വീണ്ടും തരങ്കമായി ലച്ചുവിന്റെ ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ കാണുക

പകല്‍ യുണിഫോം ധരിച്ച നാലുപേര്‍ കാറില്‍ പോയ വീഡിയോ പുറത്തുവന്നതിനെതിരെ നടപടി

ഗള്‍ഫില്‍ ചെന്ന ഭര്‍ത്താവ് അമിതമായ് ഭാര്യയെ സ്നേഹിച്ചതാണോ കുറ്റം . അവസാനം ഭാര്യ നാട്ടില്‍ കാണിച്ചുകൂട്ടിയത് കണ്ടില്ലേ